Return to BahaiPrayers.net
Facebook
എന്‍റെ ദൈവമേ! അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ, അവിടുത്തെ കല്‍പനയ്ക്കും അവിടുത്തെ അഭിലാഷത്തിനും അനുസൃതമായി സൃഷ്ടിജാലത്തിലുടനീളം പരന്നിട്ടുള്ള അങ്ങയുടെ കരുണാമയമായ തിരുവസ്ത്രത്തിന്‍റെ നറുമണത്താലും, അവിടുത്തെ കാരുണ്യമാകുന്ന ചക്രവാളത്തിനുമുകളില്‍ അവിടുത്തെ പ്രബലതയുടേയും പരമാധികാരത്തിന്‍റേയും ശക്തിയില്‍ക്കൂടി ഉജ്ജ്വലമായി തിളങ്ങുന്ന അവിടുത്തെ ഇച്ഛയാകുന്ന പകല്‍ നക്ഷത്രത്താലും ഞാനര്‍ത്ഥിക്കുന്നു. എന്‍റെ ഹൃദയത്തില്‍ നിന്ന് എല്ലാ വിഫലഭാവനകളും വൃഥാചിന്തകളും ഇല്ലാതാക്കേണമേ, എന്‍റെ എല്ലാ സ്നേഹത്തോടും കൂടി എന്നെ അങ്ങയുടെ നേര്‍ക്കു തിരിയുമാറാക്കേണമേ, അല്ലയോ സകല മനുഷ്യരാശിക്കും പ്രഭുവായവനേ!
എന്‍റെ ദൈവമേ! ഞാന്‍ അങ്ങയുടെ സേവകനാണ്. സേവകന്‍റെ പുത്രനാണ്. അവിടുത്തെ കാരുണ്യത്തിന്‍റെ കൈപ്പിടിയില്‍ ഞാന്‍ മുറുകെപ്പിടിച്ചിട്ടുണ്ട്. അവിടുത്തെ മൃദുവായ കൃപയുടെ ചരടില്‍ മുറുകെപ്പിടിച്ചിട്ടുണ്ട്. അങ്ങയോടൊപ്പമുള്ള നല്ല വസ്തുക്കളെ എനിക്കായി കല്‍പിച്ചാലും. അങ്ങയുടെ ആനുകൂല്യത്തിന്‍റെ സ്വര്‍ഗ്ഗത്തിലും അങ്ങയുടെ അനുഗ്രഹമാകുന്ന മേഘങ്ങളിലും നിന്ന് അങ്ങ് താഴേക്കയച്ചിട്ടുള്ള നിയമസംഹിതകളാല്‍ എന്നെ പോഷിപ്പിച്ചാലും.
സത്യത്തില്‍ അങ്ങു ലോകങ്ങളുടെ പ്രഭുവും ഭൂവിലും ദ്യോവിലുമുള്ള സകലത്തിന്‍റേയും ദൈവവും ആണ്.
- Bahá'u'lláh