Return to BahaiPrayers.net
Facebook
പ്രഭോ, എന്‍റെ ദൈവമേ, അങ്ങു പ്രകീര്‍ത്തിതനാകട്ടെ. അവിടുത്തെ ധര്‍മ്മത്തെ തുണക്കുന്നവര്‍ക്കും എനിക്കുംവേണ്ടി ഞാന്‍ മാപ്പ് യാചിക്കുന്നു. സത്യമായും അങ്ങാണ് പരമാധികാരിയായ പ്രഭുവും പൊറുക്കുന്നവനും അത്യുദാരനും. എന്‍റെ ദൈവമേ! അറിവില്‍ നിന്ന് അകറ്റപ്പെട്ട അവിടുത്തെ സേവകരെ അവിടുത്തെ ധര്‍മ്മത്തില്‍ പ്രവേശിക്കുന്നതിനു പ്രാപ്തരാക്കിയാലും. എന്തുകൊണ്ടെന്നാല്‍ ഒരിക്കല്‍ അവര്‍ അങ്ങയെപ്പറ്റി അറിഞ്ഞുകഴിഞ്ഞാല്‍ ന്യായദിനത്തിന്‍റെ സത്യത്തിന് അവര്‍ സാക്ഷ്യം വഹിക്കും. അവിടുത്തെ അനുഗ്രഹത്തിന്‍റെ വെളിപാടുകളെചൊല്ലി കലഹിക്കുകയില്ല. അവരുടെ മേല്‍ അവിടുത്തെ അനുഗ്രഹത്തിന്‍റെ അടയാളങ്ങള്‍ അയച്ചാലും. അവിടുത്തെ സേവകര്‍ക്കിടയില്‍ ദൈവഭക്തിയുള്ളവര്‍ക്കായി അങ്ങു കല്‍പ്പിച്ചിട്ടുള്ളതിന്‍റെ ഒരു നല്ല പങ്ക് അവര്‍ എവിടെ വസിച്ചിരുന്നാലും അവര്‍ക്കായി നല്‍കിയാലും. സത്യത്തില്‍ അങ്ങാണ് പരമനായ ഭരണാധികാരിയും സര്‍വ്വാനുഗ്രഹദായകനും അത്യുദാരനും.
എന്‍റെ ദൈവമേ! അവിടുത്തെ ഔദാര്യവും അനുഗ്രഹവും, അങ്ങയുടെ ധര്‍മ്മം ആശ്ലേഷിച്ച അന്തേവാസികളുടെ ഭവനങ്ങളുടെമേല്‍ അവിടുത്തെ കാരുണ്യത്തിന്‍റെ അടയാളമായും അങ്ങയുടെ സന്നിധിയില്‍ നിന്നുള്ള സ്നേഹമയമായ ദയാവായ്പിന്‍റെ അടയാളമായും വര്‍ഷിച്ചാലും.
സത്യമായും മാപ്പുനല്‍കുന്നതില്‍ അങ്ങ് നിരതിശയനാണ്. ആരില്‍ നിന്നെങ്കിലും അവിടുത്തെ അനുഗ്രഹം തടഞ്ഞുവെയ്ക്കപ്പെട്ടാല്‍ അങ്ങയുടെ ദിനത്തില്‍ ധര്‍മ്മത്തിന്‍റെ അനുയായികള്‍ക്കിടയില്‍ എങ്ങനെയാണ് അവര്‍ എണ്ണപ്പെടുക?
എന്‍റെ സ്നേഹം ആരാണോ അവരുടെ ഹൃദയത്തില്‍ ലാളിക്കുന്നത്, ആരിലേക്കാണോ ആ സ്നേഹം അങ്ങ് തുള്ളിയായി ചുരത്തിയത്, എന്‍റെ ദൈവമേ, എന്നേയും അവരേയും, നിര്‍ദ്ദിഷ്ട ദിനത്തില്‍ അവിടുത്തെ അടയാളങ്ങളില്‍ വിശ്വസിക്കുന്നവരേയും അനുഗ്രഹിച്ചാലും. നിശ്ചയമായും അങ്ങാണ് നീതിനിഷ്ടയുടെ പ്രഭുവും അത്യുന്നതനും.
- The Báb