Return to BahaiPrayers.net
Facebook
പ്രഭോ, ഞങ്ങളുടെ ചുവടുകളെ അങ്ങയുടെ പാതയില്‍ ദൃഢപ്പെടുത്തിയാലും. ഞങ്ങളുടെ ഹൃദയങ്ങളെ അവിടുത്തെ അനുസരണയാല്‍ അവിടുന്നു ശക്തമാക്കിയാലും. അവിടുത്തെ ഏകത്വത്തിന്‍റെ തിരുസൗന്ദര്യത്തിനുനേര്‍ക്ക് ഞങ്ങളുടെ വദനങ്ങള്‍ തിരിച്ചാലും. അവിടുത്തെ ദൈവികൈക്യത്തിന്‍റെ അടയാളങ്ങളാല്‍ ഞങ്ങളുടെ വക്ഷസ്സുകളെ സന്തോഷിപ്പിച്ചാലും. അവിടുത്തെ ഔദാര്യമാകുന്ന വസ്ത്രങ്ങളാല്‍ ഞങ്ങളുടെ ശരീരങ്ങളെ ഭൂഷിതമാക്കിയാലും. ഞങ്ങളുടെ നേത്രങ്ങളില്‍ നിന്ന് പാപത്തിന്‍റെ മറയെ നീക്കം ചെയ്താലും. അവിടുത്തെ കാരുണ്യത്തിന്‍റെ പാനപാത്രം ഞങ്ങള്‍ക്കുതന്നാലും. അങ്ങനെ സകല അസ്തിത്വങ്ങളുടേയും സത്ത അവിടുത്തെ ദര്‍ശനഭംഗിക്കു മുമ്പില്‍ അവിടുത്തെ സ്തുതി പാടട്ടെ. എന്‍റെ പ്രഭോ, അവിടുത്തെ ദയാപൂര്‍ണ്ണമായ ഭാഷണത്താലും അവിടുത്തെ ദിവ്യമായ അസ്തിത്വത്തിന്‍റെ നിഗൂഢതയാലും സ്വയം വെളിപ്പെടുത്തിയാലും.
അങ്ങനെ പ്രാര്‍ത്ഥനയുടെ വിശുദ്ധമായ ആത്മീയോല്‍ക്കര്‍ഷം ഞങ്ങളുടെ ആത്മാവുകളെ നിറക്കട്ടെ-വാക്കുകള്‍ക്കും വചനങ്ങള്‍ക്കും മീതെ ഉയര്‍ന്നു നില്‍ക്കുന്നതും അക്ഷരങ്ങളുടേയും സ്വരങ്ങളുടേയും മര്‍മ്മരശബ്ദങ്ങളെ അതിശയിക്കുന്നതുമായ ഒരു പ്രാര്‍ത്ഥന-അങ്ങനെ അവിടുത്തെ അത്യുത്തമ വെളിപാടിന്‍റെ മുമ്പില്‍ സകല വസ്തുക്കളും ശൂന്യതയിലേക്കു ലയിക്കട്ടെ. പ്രഭോ! അവിടുത്തെ ഉടമ്പടിയിലും ഒസൃത്തിലും ദൃഢതയോടും വേഗതയോടും നിലകൊണ്ടവരും അവിടുത്തെ ധര്‍മ്മത്തില്‍ സ്ഥിരതയുടെ ചരട് മുറുകെപ്പിടിച്ചിട്ടുള്ളവരും അവിടുത്തെ മഹത്വത്തിന്‍റെ വസ്ത്രാഞ്ചലത്തില്‍ പറ്റിപ്പിടിച്ചവരും ആയ സേവകരാണിവര്‍. പ്രഭോ, അവിടുത്തെ കാരുണ്യത്താല്‍ അവരെ സഹായിച്ചാലും. അവിടുത്തെ ശക്തിയാല്‍ സ്ഥിരീകരിച്ചാലും. അങ്ങയോടുള്ള അനുസരണയാല്‍ അവരുടെ ആത്മചൈതന്യത്തെ പ്രബലമാക്കിയാലും. അങ്ങു ക്ഷമിക്കുന്നവനും കരുണാവാരിധിയുമാണ്.
- `Abdu'l-Bahá