Return to BahaiPrayers.net
Facebook
എന്‍റെ ദൈവമേ, എന്‍റെ ആരാധനയുടെ ലക്ഷ്യസ്ഥാനമേ, എന്‍റെ അഭിലാഷത്തിന്‍റെ ലക്ഷ്യമേ, സര്‍വ്വൗദാര്യനിധിയും അതിദയാലുവുമായവനേ! എല്ലാ ജീവിതവും അങ്ങയുടേതാണ്. എല്ലാ ശക്തിയും അവിടുത്തെ ശക്തിയുടെ പിടിക്കുള്ളിലാണ്. അവിടുന്ന് ഉയര്‍ത്തുന്നത് ആരെയാണോ അവര്‍ മാലാഖമാര്‍ക്കും മീതെ ഉയര്‍ത്തപ്പെടുന്നു; "സത്യമായും ഉന്നതമായ ഒരു സ്ഥലത്തേക്ക് നാം അവനെ ഉയര്‍ത്തിയിരിക്കുന്നു!" എന്ന പദവിയെ നേടുന്നു; അവിടുന്നു തരം താഴ്ത്തുന്നത് ആരെയാണോ അവരെ പൊടിയേക്കാളും താഴെയാക്കുന്നു. അല്ലാ, ഒന്നുമില്ലാത്ത അവസ്ഥയേക്കാളും കുറഞ്ഞതാക്കുന്നു.
അല്ലയോ ദൈവികാനുഗ്രഹമേ! ദുഷ്ടരും പാപികളും അശാന്തരുമാണെങ്കില്‍പോലും, "സത്യത്തിന്‍റെ ഒരു ഇരിപ്പിടം" അങ്ങയില്‍ നിന്നു ഞങ്ങള്‍ തേടുന്നു, സര്‍വ്വശക്തനായ രാജാവിന്‍റെ വദനം നോക്കുവാന്‍ അതിയായി ആഗ്രഹിക്കുന്നു. ആജ്ഞാപിക്കേണ്ടത് അവിടുന്നാണ്, എല്ലാ പരമാധികാരവും അങ്ങയുടേതാണ്. ശക്തിയുടെ സാമ്രാജ്യം അവിടുത്തെ ആജ്ഞക്കുമുമ്പില്‍ കുമ്പിടുന്നു. അവിടുന്നു ചെയ്യുന്നതെന്തും ശുദ്ധമായ നീതിയാണ്. അല്ല, കൃപയുടെ സത്താസാരമാണ്. സര്‍വ്വദയാലുവായ അവിടുത്തെ നാമത്തിന്‍റെ തിളക്കത്തില്‍ നിന്നുള്ള ഒരു രശ്മി ലോകത്തില്‍ നിന്ന് പാപങ്ങളുടെ എല്ലാ അടയാളങ്ങളേയും തുടച്ചുമാറ്റാനും അപ്രത്യക്ഷമാക്കാനും മതിയാകും. അവിടുത്തെ വെളിപാടിന്‍റെ ദിനങ്ങളിലെ മന്ദമാരുതനില്‍ നിന്നുള്ള ഒറ്റ ഉച്ഛ്വാസം സകല മനുഷ്യരാശിയേയും ഒരു നവമായ വേഷം അണിയിക്കുന്നതിനു മതിയാകും.
അല്ലയോ സര്‍വ്വശക്തനായവനേ, അവിടുത്തെ ദുര്‍ബലരായ സൃഷ്ടികളിലേക്ക് അവിടുത്തെ ശക്തി കൃപാപൂര്‍വ്വം പ്രദാനം ചെയ്താലും. ജീവച്ഛവങ്ങളെ ജീവിപ്പിച്ചാലും. അങ്ങനെ ഒരു പക്ഷേ അവര്‍ അങ്ങയെ കണ്ടെത്തിയേക്കാം. അവിടുത്തെ മാര്‍ഗ്ഗനിര്‍ദ്ദേശമാകുന്ന സമുദ്രത്തിലേക്കു നയിക്കപ്പെട്ടേക്കാം. അവിടുത്തെ ധര്‍മ്മത്തില്‍ ഉറച്ചവരായി നിലകൊണ്ടേക്കാം. അവിടുത്തെ സ്തുതിയുടെ സൗരഭ്യം ലോകത്തിലെ, അതു പൂര്‍വ്വ പശ്ചിമദിക്കില്‍ നിന്നേതിലായാലും, ഏതെങ്കിലും വ്യത്യസ്തമായ നാവുകളാല്‍ പുറം നാടുകളില്‍ ചൊരിയപ്പെട്ടാല്‍ അതു സത്യമായും മൂല്യമുള്ളതും വളരെ സന്തോഷകരവുമാണ്. എങ്കിലും, അത്തരം നാവുകള്‍ ആ സൗരഭ്യത്തില്‍ നിന്നു പിന്തള്ളപ്പെട്ടാല്‍ അവരുടെ വാക്കുകളും ചിന്തകളും തീര്‍ച്ചയായും ഒരു പരാമര്‍ശത്തിനും കൊള്ളരുതാത്തതാകുന്നു.
ദൈവമേ, സകല മാനവര്‍ക്കും അവിടുത്തെ മാര്‍ഗ്ഗം കാണിച്ചു കൊടുക്കാനും അവരെ നേരായ വഴിയില്‍ നയിക്കാനും ഞങ്ങള്‍ അങ്ങയോടു യാചിക്കുന്നു. സത്യമായും അങ്ങാണ് പ്രബലനും അതിശക്തനും സര്‍വ്വജ്ഞാനിയും സര്‍വ്വദര്‍ശകനും.
- Bahá'u'lláh