Return to BahaiPrayers.net
Facebook
സകലവസ്തുക്കളും ആരുടെ ഭയാനകമായ മഹത്വത്തിലാണോ വിറകൊണ്ടത്, സകലമനുഷ്യകാര്യങ്ങളും ആരുടെ കൈകളിലാണോ ഉള്ളത്, ആരുടെ കൃപയാലും ദയയാലുമാണോ അവിടുത്തെ എല്ലാ സൃഷ്ടികളുടേയും മുഖങ്ങള്‍ തിരിച്ചിട്ടുള്ളത്! നാമങ്ങളുടെ സാമ്രാജ്യത്തില്‍ സകലനാമങ്ങള്‍ക്കും ചൈതന്യമായി അവിടുന്നു കല്പിച്ചിട്ടുള്ള അങ്ങയുടെ നാമത്താല്‍ ഞാന്‍ അങ്ങയോടപേക്ഷിക്കുന്നു; അങ്ങയില്‍ നിന്ന് അകന്നു പോയിട്ടുള്ളവരുടെ ഏഷണികളില്‍ നിന്നും അവിടുത്തെ നാമങ്ങളുടെ സാമ്രാജ്യം ത്രസിക്കാന്‍ കാരണമായിട്ടുള്ള ഈ വെളിപാടില്‍ അവിടുത്തെ അതിഗാംഭീര്യത്തിലും, അത്യുന്നതിയിലും ഉള്ള വ്യക്തിത്വത്തിന്‍റെ സത്യത്തെ നിരാകരിച്ചവരില്‍ നിന്നും എന്നെ സംരക്ഷിച്ചാലും.
അല്ലയോ എന്‍റെ പ്രഭോ! ഞാന്‍ അവിടുത്തെ സേവികമാരില്‍ ഒരാളാണ്! അവിടുത്തെ കരുണാമയമായ ആനുകൂല്യത്തിന്‍റെ പവിത്രസ്ഥാനത്തിനു നേരെയും അവിടുത്തെ തേജസ്സിന്‍റെ പരിശുദ്ധ ദേവാലയത്തിനുനേര്‍ക്കും ഞാന്‍ എന്‍റെ മുഖം തിരിച്ചിരിക്കുന്നു. അങ്ങയുടേതല്ലാത്ത മറ്റെല്ലാറ്റില്‍ നിന്നും എന്നെ വിശുദ്ധമാക്കൂ. അങ്ങയെ സ്നേഹിക്കാനും അവിടുത്തെ സന്തോഷത്തെ പൂര്‍ത്തീകരിക്കാനും എന്നെ ശക്തയാക്കൂ. അങ്ങനെ അവിടുത്തെ സൗന്ദര്യത്തിന്‍റെ ധ്യാനത്താല്‍ ഞാന്‍ സ്വയം സന്തോഷിച്ചേക്കാം. അവിടുത്തെ സൃഷ്ടികളില്‍ ഏതിനോടെങ്കിലുമുള്ള എല്ലാ ആകര്‍ഷണത്തില്‍ നിന്നും ഞാന്‍ അകന്നുമാറിയേക്കാം. ഓരോ നിമിഷവും 'ലോകങ്ങളുടെ നാഥനായ ദൈവം വലിയവനാകട്ടെ' എന്നു പ്രഖ്യാപിച്ചേക്കാം.
അല്ലയോ എന്‍റെ പ്രഭോ, എന്‍റെ ഭോജ്യം അങ്ങയുടെ സൗന്ദര്യമാകട്ടെ. എന്‍റെ പ്രതീക്ഷ അങ്ങയുടെ സന്തോഷമാകട്ടെ. എന്‍റെ തൊഴില്‍ അങ്ങയുടെ സ്തുതി ആകട്ടെ. എന്‍റെ സഹചാരിത്വം അവിടുത്തെ സ്മരണയാകട്ടെ. എന്‍റെ സഹായം അവിടുത്തെ പരമാധികാരമാകട്ടെ. എന്‍റെ വാസസ്ഥലം അവിടുത്തെ വാസസ്ഥാനമാകട്ടെ. എന്‍റെ ഭവനം തങ്ങളുടെ പരിമിതികളാല്‍ ഒരു മറകൊണ്ട് അങ്ങയില്‍ നിന്ന് ബന്ധം വിച്ഛേദിച്ചവര്‍ക്കും മീതെ അങ്ങ് ഉയര്‍ത്തിയിട്ടുള്ള സ്ഥാനമാകട്ടെ.
സത്യമായും അധികാരവും ശക്തിയും തേജസ്സുമുറ്റ ദൈവമാണങ്ങ്.
- Bahá'u'lláh