Return to BahaiPrayers.net
Facebook
പ്രഭോ, എന്‍റെ ദൈവമേ! അങ്ങയ്ക്കു സ്തുതി. അവിടുത്തെ ധര്‍മ്മത്തിന്‍റെ സിംഹാസനത്തിേډല്‍ അവിടുത്തെ സൗന്ദര്യം ഉറപ്പിച്ചിട്ടുള്ളത് ആരില്‍ക്കൂടിയാണോ ആ നാമത്താലും, സകല വസ്തുക്കളേയും അങ്ങു മാറ്റിയിട്ടുള്ളതും, ഒത്തു ചേര്‍ത്തിട്ടുള്ളതും, കണക്കു പറയാന്‍ വിളിച്ചിട്ടുള്ളതും, പാരിതോഷികം നല്‍കിയിട്ടുള്ളതും, കാത്തുസൂക്ഷിച്ചിട്ടുള്ളതും, നിലനിര്‍ത്തിയിട്ടുള്ളതും ആരില്‍ക്കൂടിയാണോ ആ നാമത്താലും ഞാന്‍ അങ്ങയോടു യാചിക്കുന്നു. അങ്ങയില്‍ അഭയം പ്രാപിച്ചിട്ടുള്ളവളും അങ്ങു സ്വയം പ്രകടമാക്കിയിട്ടുള്ളവനില്‍ സംരക്ഷണം തേടിയവളും തന്‍റെ മുഴുവന്‍ വിശ്വാസവും ശ്രദ്ധയും അങ്ങയില്‍ അര്‍പ്പിച്ചിട്ടുള്ളവളുമായ ഈ സേവികയെ കാത്തു സൂക്ഷിക്കേണമേ എന്ന് ഞാന്‍ അങ്ങയോടു യാചിക്കുന്നു.
എന്‍റെ ദൈവമേ, അവള്‍ ദീനയാണ്; അവിടുത്തെ രോഗശമനമാകുന്ന വൃക്ഷത്തിന്‍റെ തണലില്‍ പ്രവേശിച്ചവളുമാണ്. ദുഃഖിതയും അവിടുത്തെ സംരക്ഷണത്തിന്‍റെ നഗരത്തിലേക്ക് ഓടിയെത്തിയിട്ടുള്ളവളുമാണ്. രോഗബാധിതയും അവിടുത്തെ ആനുകൂല്യങ്ങളുടെ ഉറവയെ തേടിയിട്ടുള്ളവളുമാണ്.
എന്‍റെ ദൈവമേ, എന്‍റെ പ്രിയങ്കരനേ, അവിടുത്തെ പരമാധികാരത്താലും അവിടുത്തെ സ്നേഹപൂര്‍ണ്ണമായ ദയയാലും അവിടുത്തെ രോഗശമനവും മുറിവുണക്കുന്ന ലേപനവസ്തുവുമാകുന്ന ഉടുപ്പ് അവളെ ധരിപ്പിച്ചാലും. അവിടുത്തെ ആനുകൂല്യങ്ങളുടേയും അവിടുത്തെ ദയയുടേയും പാനപാത്രത്തില്‍ നിന്ന് മോന്തിക്കുടിക്കുവാന്‍ അവളെ പ്രാപ്തയാക്കേണമേ. കൂടാതെ എല്ലാ ദുഃഖങ്ങളില്‍ നിന്നും, പീഢകളില്‍ നിന്നും, എല്ലാ വേദനകളില്‍ നിന്നും, രോഗങ്ങളില്‍ നിന്നും, അവിടുത്തേക്ക് വെറുപ്പുളവാക്കുന്ന എന്തില്‍ നിന്നും അവളെ സംരക്ഷിച്ചാലും.
സത്യത്തില്‍, അങ്ങൊഴികെയുള്ള മറ്റെല്ലാറ്റിനേക്കാളും അങ്ങു വളരെയധികം ഔന്നത്യമുള്ളവനാണ്. അങ്ങു സത്യമായും രോഗശമനകാരിയും, സ്വയം വൃത്തിയും, സംരക്ഷകനും, എന്നെന്നും പൊറുക്കുന്നവനും അതിദയാലുവുമാണ്.
- Bahá'u'lláh