Return to BahaiPrayers.net
Facebook
സ്നേഹമയനായ പ്രഭോ! ഒരേ അടിത്തലപ്പില്‍ നിന്നത്രേ മനുഷ്യവര്‍ഗ്ഗത്തെ മുഴുവന്‍ അങ്ങു പണിതെടുത്തിരിക്കുന്നത്. മനുഷ്യരെല്ലാം ഒരേ കുടുംബത്തിലായിരിക്കണമെന്നാണ് അവിടുത്തെ വിധി. അവിടുത്തെ പരിശുദ്ധസാന്നിദ്ധ്യത്തില്‍ അവരെല്ലാം അങ്ങയുടെ സേവകര്‍ മാത്രം. അങ്ങയുടെ കൂടാരത്തിന്‍ കീഴില്‍ അവര്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവിടുത്തെ ഔദാര്യത്തിന്‍റെ മേശക്കുചുറ്റും അവര്‍ സമ്മേളിച്ചിരിക്കുന്നു. അങ്ങയുടെ സഹായത്തിന്‍റെ കാന്തിയാല്‍ സര്‍വ്വരും പ്രകാശിതരുമായിരിക്കുന്നു.
ദൈവമേ! എല്ലാവരോടും കൃപാലുവാണങ്ങ്. എല്ലാവര്‍ക്കും വേണ്ട സഹായം അങ്ങെത്തിച്ചിരിക്കുന്നു. എല്ലാവരേയും സംരക്ഷിച്ചിരിക്കുന്നു. എല്ലാവരിലും ജീവന്‍ പകര്‍ന്നിരിക്കുന്നു. ഓരോ വ്യക്തിയേയും വാസനകള്‍കൊണ്ടും കാര്യശേഷികള്‍കൊണ്ടും കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു. അവിടുത്തെ കാരുണ്യത്തിന്‍റെ സമുദ്രത്തില്‍ സര്‍വ്വരേയും നിമഞ്ജനം ചെയ്കയും ചെയ്തിരിക്കുന്നു.
കരുണാമയനായ പ്രഭോ! സര്‍വ്വരേയും ഒന്നിപ്പിച്ചാലും! മതങ്ങള്‍ മുഴുവന്‍ സമരസപ്പെടട്ടെ! ജനപദങ്ങളെ സമുച്ചയിച്ചാലും! എന്നിട്ടുവേണം മനുഷ്യരെല്ലാം ഒരു കുടുംബമാവാനും ലോകമാകെ ഒരു ഗൃഹമാവാനും. എല്ലാവരും പരിപൂര്‍ണ്ണസ്വരസംഗത്തില്‍ കഴിയുമാറാകട്ടെ! ദൈവമേ! മാനവൈക്യത്തിന്‍റെ വൈജയന്തി എത്രയുമുയരെ ഉയര്‍ത്തിപ്പിടിക്കേണമേ!
ദൈവമേ! അതി മഹത് ശാന്തി സ്ഥാപിക്കേണമേ! അന്തരംഗങ്ങളെ അഷ്ടബന്ധത്തിലുറപ്പിക്കേണമേ!
പ്രിയം പകരുന്ന പിതാവേ! ദൈവമേ, അങ്ങയുടെ സ്നേഹത്തിന്‍റെ സൗരഭ്യം കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളെ ഉല്ലാസഭരിതമാക്കേണമേ! അങ്ങയുടെ മാര്‍ഗ്ഗദര്‍ശനത്തിന്‍റെ പ്രകാശണ്‍ത്താല്‍ ഞങ്ങളുടെ നയനങ്ങളെ ഉജ്ജ്വലമാക്കേണമേ!
അങ്ങയുടെ വചനത്തിന്‍റെ രാഗമാധുരിയാല്‍ ഞങ്ങളുടെ ശ്രോത്രങ്ങളെ സന്തുഷ്ടമാക്കേണമേ! അങ്ങയുടെ സഹായത്തിന്‍റെ പിടിയില്‍ ഞങ്ങള്‍ണ്‍ക്കെല്ലാം രക്ഷ നല്‍കുകയും ചെയ്യേണമേ!
സര്‍വ്വശക്തനാണ് അവിടുന്ന്. എല്ലാം പൊറുക്കുന്നവനും മനുഷ്യവര്‍ഗത്തിന്‍റെ പോരായ്മകളെല്ലാം വിഗണിക്കുന്നവനുമാണ്.
- `Abdu'l-Bahá