Return to BahaiPrayers.net
Facebook
എന്‍റെ ദൈവമേ, എന്‍റെ ആരാധനയ്ക്കു പാത്രമായവനേ, എന്‍റെ നൃപനേ, എന്‍റെ അഭിലാഷമേ! അങ്ങയോടുള്ള എന്‍റെ നന്ദി ഏതു നാവിനാലാണ് ശബ്ദിക്കാന്‍ കഴിയുക? ഞാന്‍ ശ്രദ്ധയില്ലാത്തവനായിരുന്നു, അങ്ങ് എന്നെ ഉണര്‍ത്തി. ഞാന്‍ അങ്ങയില്‍ നിന്നു പുറം തിരിഞ്ഞിരിക്കുകയായിരുന്നു; അങ്ങ് കാരുണ്യപൂര്‍വ്വം അങ്ങയിലേക്കു തിരിയാന്‍ എന്നെ സഹായിച്ചു. ഞാന്‍ ജീവച്ഛവമായിരുന്നു. ജീവജലത്താല്‍ അങ്ങ് എന്നെ ജീവിപ്പിച്ചു. ഞാന്‍ വരണ്ടു പോകുകയായിരുന്നു; സര്‍വ്വദയാമയന്‍റെ തൂലികയില്‍ നിന്നൊഴുകിയ അവിടുത്തെ വചനങ്ങളുടെ സ്വര്‍ഗ്ഗീയ അരുവിയാല്‍ അങ്ങ് എന്നെ പുനര്‍ബലപ്പെടുത്തി.
ദൈവമേ! എല്ലാ അസ്തിത്വവും അവിടുത്തെ ഔദാര്യത്താല്‍ ഉള്ളവയാണ്; അവിടുത്തെ ഉദാരതയുടെ ജലം അതിന് നിഷേധിക്കരുതേ. അവിടുത്തെ ദയയുടെ സമുദ്രത്തില്‍ നിന്ന് അതിനെ തടഞ്ഞുവെക്കുകയും ചെയ്യരുതേ. എല്ലാ സമയത്തും ഏതവസ്ഥകളിലും എന്നെ തുണക്കുകയും സഹായിക്കുകയും ചെയ്യാനും അവിടുത്തെ കാരുണ്യസ്വര്‍ഗ്ഗത്തില്‍ നിന്ന് അവിടുത്തെ പൗരാണിക ആനുകൂല്യത്തെ തേടാനും ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു. സത്യത്തില്‍ അങ്ങാണ് ഔദാര്യത്തിന്‍റെ പ്രഭുവും അനശ്വര സാമ്രാജ്യത്തിന്‍റെ പരമാധികാരിയും.
- Bahá'u'lláh