Return to BahaiPrayers.net
Facebook
ദൈവമേ, എന്‍റെ ദൈവമേ, വിപത്തുകളില്‍ എനിക്കു ശരണമായവനേ! ആധികളില്‍ എനിക്ക് ആശ്രയവും അഭയസ്ഥാനവുമായവനേ! ആവശ്യ സമയങ്ങളില്‍ എന്‍റെ രക്ഷാകേന്ദ്രവും അഭയവും എന്‍റെ ഏകാന്തതയില്‍ എനിക്കു സഹചാരിയുമായവനേ! എന്‍റെ ദുഃഖങ്ങളില്‍ സാന്ത്വനവും എന്‍റെ നിര്‍ജ്ജനതയില്‍ ഒരു സ്നേഹമയനായ സുഹൃത്തും ആയവനേ! എന്‍റെ സങ്കടങ്ങളുടെ മാനസിക യാതനകളെ മാറ്റുന്നവനും എന്‍റെ പാപങ്ങളെ പൊറുക്കുന്നവനും ആയവനേ!
പൂര്‍ണ്ണമായും അങ്ങയിലേക്കു തിരിഞ്ഞുകൊണ്ട് എന്‍റെ എല്ലാ ഹൃദയത്തോടും മനസ്സോടും നാവോടും കൂടി ഞാന്‍ അങ്ങയോടു ഭക്തിനിര്‍ഭരമായി യാചിക്കുന്നു. അവിടുത്തെ ദിവ്യ ഐക്യത്തിന്‍റെ ഈ കാലചക്രത്തില്‍ അവിടുത്തെ ഇച്ഛയ്ക്കു വിപരീതമായി നടക്കുന്ന എല്ലാറ്റില്‍ നിന്നും എന്നെ സംരക്ഷിക്കേണമേ. അവിടുത്തെ കാരുണ്യമാകുന്ന വൃക്ഷത്തിന്‍റെ തണലില്‍ നിഷ്ക്കളങ്കമായും നിര്‍മ്മലമായും തേടുന്നതില്‍ നിന്ന് എന്നെ തടയുന്ന എല്ലാ മാലിന്യങ്ങളില്‍ നിന്നും എന്നെ ശുദ്ധീകരിക്കേണമേ.
അല്ലയോ പ്രഭോ, ദുര്‍ബ്ബലരോടു ദയ കാണിച്ചാലും. രോഗബാധിതരെ ആരോഗ്യമുള്ളവരാക്കിയാലും. തീവ്രദാഹമുള്ളവരുടെ ദാഹത്തെ ശമിപ്പിച്ചാലും.
അങ്ങയുടെ സ്നേഹത്തിന്‍റ കനലെരിയുന്ന നെഞ്ചുകളെ സന്തുഷ്ടമാക്കിയാലും. അവിടുത്തെ സ്വര്‍ഗ്ഗീയ സ്നേഹത്തിന്‍റെയും ചൈതന്യത്തിന്‍റെയും ജ്വാലയാല്‍ അവയെ ജ്വലിപ്പിച്ചാലും.
വിശുദ്ധിയുടെ വസ്ത്രംകൊണ്ട് ദൈവിക ഐക്യത്തിന്‍റെ കൂടാരങ്ങളെ അലങ്കരിച്ചാലും. അവിടുത്തെ ആനുകൂല്യത്തിന്‍റെ കിരീടത്താല്‍ എന്‍റെ ശിരസ്സിനെ ഉയര്‍ത്തിനിര്‍ത്തിയാലും.
അവിടുത്തെ ഔദാര്യസൂര്യന്‍റെ തിളക്കത്താല്‍ എന്‍റെ വദനത്തെ പ്രകാശിപ്പിച്ചാലും. അവിടുത്തെ വിശുദ്ധ പ്രവേശന കവാടത്തില്‍ കാര്യനിര്‍വ്വഹണം നടത്തുന്നതിന് എന്നെ അനുഗ്രഹപൂര്‍വ്വം സഹായിച്ചാലും.
അവിടുത്തെ സൃഷ്ടികളോടുള്ള സ്നേഹം കൊണ്ട് എന്‍റെ ഹൃദയം കവിഞ്ഞൊഴുകുമാറാക്കിയാലും. എന്നെ അവിടുത്തെ ദയയുടെ ഒരു അടയാളമായും അവിടുത്തെ കാരുണ്യത്തിന്‍റെ ഒരു ചിഹ്നമായും അവിടുത്തെ പ്രിയങ്കരരുടെ ഇടയില്‍ ഐക്യത്തെ പോഷിപ്പിക്കുന്നവനായും, അങ്ങയോടു ഭക്തിയുള്ളവനായും അവിടുത്തെ സ്മരണ നിലനിര്‍ത്തുന്നവയെ ഉച്ചരിച്ചും, സ്വയം മറന്ന് അവിടുത്തേക്കുള്ളതിനെ മാത്രം മനസ്സില്‍ കരുതിയിട്ടുള്ളവനുമായിത്തീരാന്‍ അനുവദിച്ചാലും.
അല്ലയോ ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ മാപ്പിന്‍റെയും കാരുണ്യത്തിന്‍റെയും മന്ദമാരുതനില്‍ നിന്ന് എന്നെ അകറ്റി നിര്‍ത്തരുതേ. അവിടുത്തെ സഹായത്തിന്‍റെയും ആനുകൂല്യത്തിന്‍റെയും ഉറവിടങ്ങളില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കരുതേ.
അങ്ങയുടെ സംരക്ഷണത്തിന്‍റെ ചിറകുകളുടെ തണലിന്‍ കീഴില്‍ എന്നെ പറ്റിച്ചേര്‍ന്നിരിക്കാന്‍ അനുവദിക്കൂ. അങ്ങയുടെ എന്നും സംരക്ഷിക്കുന്ന കണ്ണിനാല്‍ എന്നെ വീക്ഷിച്ചാലും.
അവിടുത്തെ ജനങ്ങളുടെയിടയില്‍ അവിടുത്തെ നാമം വാഴ്ത്താന്‍ എന്‍റെ നാവിനെ അനുവദിച്ചാലും. അങ്ങനെ എന്‍റെ ശബ്ദം മഹത്തായ യോഗങ്ങളില്‍ ഉയരുമാറാകട്ടെ. എന്‍റെ അധരങ്ങളില്‍ നിന്ന് അവിടുത്തെ സ്തുതിയുടെ ആധിക്യം പ്രവഹിക്കുമാറാകട്ടെ.
സകലസത്യത്തിലും അങ്ങാണ് ഔദാര്യനിധിയും, പ്രകീര്‍ത്തിതനും, പ്രബലനും, സര്‍വ്വശക്തനും!
- `Abdu'l-Bahá