Return to BahaiPrayers.net
Facebook
അല്ലയോ പ്രഭോ! അവിടുത്തെ ദിനങ്ങളില്‍ അവിടുത്തെ സഹനശീലരായ സേവകരെ അങ്ങയുടെ പാതയില്‍ അവര്‍ എത്രമാത്രം രക്തസാക്ഷിത്വം ആഗ്രഹിക്കുന്നുവോ അത്രതോതില്‍ ഉചിതമായ വിജയം അവര്‍ക്കു നല്‍കിക്കൊണ്ട് പകരം അവരെ വിജയികളാക്കിയാലും. അവരുടെ മനസ്സുകള്‍ക്കു സുഖം നല്‍കുന്നവനും അവരുടെ ആന്തരിക സത്തയെ സന്തോഷിപ്പിക്കുന്നവനും അവരുടെ ഹൃദയങ്ങള്‍ക്ക് നിസ്സന്ദേഹമായ സ്ഥൈര്യവും അവരുടെ ശരീരങ്ങള്‍ക്ക് ശാന്തിയും പകര്‍ന്നു നല്‍കുന്നവനും അത്യുന്നതനായ ദൈവത്തിന്‍റെ സന്നിധിയിലേക്ക് ആരോഹണം ചെയ്യുവാന്‍ അവരുടെ ആത്മാവുകളെ സഹായിക്കുവാനും പരമോന്നത സ്വര്‍ഗ്ഗവും യഥാര്‍ത്ഥ ജ്ഞാനവും ഗുണങ്ങളും ഉള്ള മനുഷ്യര്‍ക്കായി അങ്ങു വിധിച്ചിട്ടുള്ള അത്തരം തേജസ്സുറ്റ ഏകാന്ത സ്ഥലങ്ങളും പ്രാപിക്കുവാനും വേണ്ടത് അവര്‍ക്കായി താഴേക്കയച്ചാലും. സത്യമായും അങ്ങു സകലതും അറിയുന്നു; അതേസമയം ഞങ്ങള്‍ അവിടുത്തെ സേവകരും അവിടുത്തെ അടിമകളും അങ്ങയാല്‍ ബന്ധിതരായവരും അവിടുത്തെ മുമ്പില്‍ ദരിദ്രരായവരും മാത്രം. അല്ലയോ ദൈവമേ, ഞങ്ങളുടെ പ്രഭോ, ഞങ്ങള്‍ സ്തുതിക്കുന്ന അങ്ങല്ലാതെ മറ്റൊരു നാഥനില്ല. ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും കാരുണ്യത്തിന്‍റെ ദൈവമായവനേ, അങ്ങൊഴികെ മറ്റാരില്‍ നിന്നും ഞങ്ങള്‍ അനുഗ്രഹങ്ങള്‍ക്കോ കൃപയ്ക്കോ കേണപേക്ഷിക്കുകയില്ല. ഞങ്ങള്‍ ദാരിദ്ര്യത്തിന്‍റേയും ഒന്നുമില്ലായ്മയുടേയും നിസ്സഹായതയുടേയും അധോഗതിയുടേയും മൂര്‍ത്തീകരണങ്ങളാണ്. അതേസമയം അവിടുത്തെ പൂര്‍ണ്ണസത്ത സമ്പത്തും സ്വാതന്ത്ര്യവും തേജസ്സും മഹത്വവും സീമാതീതമായ കൃപയും സൂചിപ്പിക്കുന്നു.
അല്ലയോ പ്രഭോ, ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډകളുടെയും, മേലെ ഉന്നതത്തില്‍ നിന്നും താഴെ ഭൂമിവരെയും വ്യാപിച്ചിരിക്കുന്ന അനേകവിധമായ ഔദാര്യങ്ങളുടെയും ഇടയില്‍ അങ്ങയ്ക്ക് ഏറ്റവും ഉചിതമായതിലേക്ക് ഞങ്ങളുടെ പാരിതോഷികത്തെ തിരിച്ചാലും.
സത്യമായും, അങ്ങാണു ഞങ്ങളുടെ നാഥന്‍, സകലവസ്തുക്കളുടേയും നാഥന്‍. അങ്ങയ്ക്കുചിതമായ കാര്യങ്ങള്‍ക്കുവേണ്ടി അഭിലഷിച്ചുകൊണ്ടു അവിടുത്തെ കരങ്ങളിലേക്ക് ഞങ്ങളെ സ്വയം സമര്‍പ്പിക്കുന്നു.
- The Báb