Return to BahaiPrayers.net
Facebook
അവന്‍ ദൈവമാണ്!
അല്ലയോ പ്രഭോ, എന്‍റെ ദൈവമേ, എന്‍റെ എത്രയും പ്രിയങ്കരനേ! അങ്ങയുടെ ശബ്ദം ശ്രവിച്ചിട്ടുള്ള, അവിടുത്തെ വചനം ശ്രവിക്കാനായി ശ്രോത്രങ്ങള്‍ നല്‍കപ്പെട്ടിട്ടുള്ള, അവിടുത്തെ ആഹ്വാനത്തെ ശ്രദ്ധിച്ചുകേള്‍ക്കുന്ന അവിടുത്തെ സേവകരാണിവര്‍. അവര്‍ അങ്ങയില്‍ വിശ്വസിച്ചിട്ടുണ്ട്. അവിടുത്തെ വിസ്മയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവിടുത്തെ തെളിവുകള്‍ അംഗീകരിച്ചിട്ടുണ്ട്. അവിടുത്തെ പ്രമാണങ്ങളെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവര്‍ അവിടുത്തെ പാതയില്‍ സഞ്ചരിച്ചിട്ടുണ്ട്. അവര്‍ അവിടുത്തെ മാര്‍ഗ്ഗനിര്‍ദേശം പിന്തുടര്‍ന്നിട്ടുണ്ട്. അവിടുത്തെ നിഗൂഢതകള്‍ കണ്ടെത്തിയിട്ടുണ്ട്. അവിടുത്തെ ഗ്രന്ഥത്തിലെ രഹസ്യങ്ങളും അവിടുത്തെ ഫലകങ്ങളിലെ വചനങ്ങളും അവിടുത്തെ കത്തുകളിലും കുറിപ്പുകളിലുമുള്ള സന്തോഷവര്‍ത്തമാനങ്ങളും ഉള്‍ക്കൊണ്ടിട്ടുണ്ട്. അവിടുത്തെ വസ്ത്രത്തിന്‍റെ തുമ്പില്‍ അവര്‍ പറ്റിപ്പിടിച്ചിട്ടുണ്ട്. അവിടുത്തെ വെളിച്ചത്തിന്‍റെയും ഗാംഭീര്യത്തിന്‍റെയും അലങ്കാരവസ്ത്രങ്ങളില്‍ അവര്‍ മുറുകെപ്പിടിച്ചിട്ടുണ്ട്. അവിടുത്തെ ഉടമ്പടിയില്‍ അവരുടെ ചുവടുകളെ ദൃഢപ്പെടുത്തിയിട്ടുണ്ട്. അവിടുത്തെ സംഹിതകളില്‍ അവരുടെ ഹൃദയങ്ങള്‍ ഉറപ്പിച്ചിട്ടുണ്ട്. പ്രഭോ! അവിടുത്തെ ദൈവികാകര്‍ഷണത്തിന്‍റെ ജ്വാല അവരുടെ ഹൃദയങ്ങളില്‍ ജ്വലിപ്പിച്ചാലും. സ്നേഹത്തിന്‍റെയും ഉള്‍ക്കൊള്ളലിന്‍റെയും വാനമ്പാടിയെ അവരുടെ ഹൃദയങ്ങളിലിരുന്നു പാടാന്‍ അനുവദിച്ചാലും. അവിടുത്തെ വചനം പോലെ പൂര്‍ണരും ശക്തമായ ചിഹ്നങ്ങളും അത്യുജ്ജ്വലമായ പതാകയും ആയിത്തീരാന്‍ അവരെ അനുവദിച്ചാലും. അവരാല്‍ അവിടുത്തെ ധര്‍മ്മം ഉയര്‍ത്തിയാലും, അവിടുത്തെ കൊടിയടയാളങ്ങളുടെ ചുരുള്‍ നിവര്‍ത്തി അവിടുത്തെ വിസ്മയങ്ങള്‍ വിദൂരങ്ങളിലേക്കു പ്രചരിപ്പിച്ചാലും, അവരാല്‍ അവിടുത്തെ വചനത്തെ വിജയിപ്പിച്ചാലും. അവിടുത്തെ പ്രിയങ്കരരുടെ ആത്മചൈതന്യത്തെ ബലപ്പെടുത്തിയാലും. അവിടുത്തെ നാമം പ്രകീര്‍ത്തിക്കുന്നതിനായി അവരുടെ നാവുകളെ ഇളക്കിയാലും. അവിടുത്തെ പരിശുദ്ധമായ ഇച്ഛയ്ക്കും സന്തോഷത്തിനും അനുസൃതമായത് ചെയ്യാന്‍ അവരെ പ്രചോദിപ്പിച്ചാലും. അവിടുത്തെ വിശുദ്ധിയുടെ സാമ്രാജ്യത്തില്‍ അവരുടെ വദനങ്ങളെ പ്രകാശിപ്പിച്ചാലും. അവിടുത്തെ ധര്‍മ്മത്തിന്‍റെ വിജയത്തിനുവേണ്ടി ഉണരുന്നതില്‍ അവരെ സഹായിച്ചുകൊണ്ട് അവരുടെ സന്തോഷത്തെ പൂര്‍ണ്ണമാക്കിയാലും.
പ്രഭോ! ഞങ്ങള്‍ ദുര്‍ബ്ബലരാണ്; അവിടുത്തെ വിശുദ്ധിയുടെ സൗരഭ്യങ്ങള്‍ പരത്താന്‍ ഞങ്ങളെ ശക്തരാക്കിയാലും. ഞങ്ങള്‍ പാവങ്ങളാണ്; അവിടുത്തെ ദൈവീക ഐക്യത്തിന്‍റെ നിധികളില്‍ നിന്ന് ഞങ്ങളെ സമ്പന്നരാക്കിയാലും. ഞങ്ങള്‍ നഗ്നരാണ്; അവിടുത്തെ ഔദാര്യത്തിന്‍റെ അലങ്കാരവസ്ത്രങ്ങള്‍ ഞങ്ങളെ അണിയിച്ചാലും. ഞങ്ങള്‍ പാപികളാണ്; അവിടുത്തെ കാരുണ്യത്താലും അവിടുത്തെ ആനുകൂല്യത്താലും അവിടുത്തെ മാപ്പിനാലും ഞങ്ങളുടെ പാപങ്ങള്‍ക്കു ഞങ്ങളോടു പൊറുത്താലും. സത്യമായും അങ്ങാണു തുണയും സഹായിയും കൃപാലുവും പ്രബലനും ശക്തനും.
ഉറ്റതും ഉറപ്പുള്ളവരുമായവരുടെ മേല്‍ തേജസ്സുകളുടെ തേജസ്സു നിലകൊള്ളുന്നു.
- `Abdu'l-Bahá