Return to BahaiPrayers.net
Facebook
ഉപവാസം കല്‍പ്പിക്കപ്പെട്ടിട്ടുള്ളത് ഒരു വാര്‍ഷിക സന്ദര്‍ഭമായാണ്. ബഹായി വര്‍ഷത്തിലെ അവസാനമാസമായ "അല" (മാഹാത്മ്യം) എന്ന മാസത്തിലാണ് ഇത്. മാര്‍ച്ച് 2 മുതല്‍ 20 വരെ (ഉള്‍ണ്‍പ്പെടെ). ഈ ദിനങ്ങളില്‍ സൂര്യോദയത്തിനും അസ്തമയത്തിനും ഇടയ്ക്ക് യാതൊരു ഭക്ഷണപാനീയങ്ങളും കഴിക്കാന്‍ പാടില്ലാത്തതാകുന്നു. ഇത് പ്രാര്‍ത്ഥനയുടെയും ആത്മീയ നവീകരണത്തിന്‍റെയും ഉഷഃകാലമാണ്. ഈ ദിനങ്ങളില്‍ പ്രാര്‍ത്ഥന വ്യാപകമായി ഉപയോഗിക്കപ്പെട്ടുവരുന്നു. 15 വയസ്സിനു താഴെയുള്ള ആളുകള്‍, യാത്രക്കാര്‍, അസുഖബാധിതര്‍, ബലക്ഷയമുള്ളവര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ ഉപവാസത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു:
പ്രഭോ! എന്‍റെ ദൈവമേ! അങ്ങയ്ക്കു സ്തുതി! യാതൊന്നാല്‍ ഇരുള്‍ വെളിച്ചമായിത്തീര്‍ന്നുവോ, യാതൊന്നിലൂടെ സനാതനദേവാലയം പണിയപ്പെടുകയും, തിരുവെഴുത്ത് പ്രകാശിതമാവുകയും, വിശുദ്ധപട്ടിക അനാവൃതമാവുകയും ചെയ്തുവോ, ആ ശക്തിയോര്‍ത്ത് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവിടുത്തെ അതുല്യമഹത്വത്തിന്‍റെ ആകാശങ്ങളിലേക്ക് ഞങ്ങള്‍ക്ക് ആരോഹണം ചെയ്യാനും, അങ്ങയുടെ ഐക്യത്തിന്‍റെ നികേതനത്തിലേക്ക് പ്രവേശിക്കാന്‍ സംശയാലുക്കളെ തടസ്സപ്പെടുത്തിയ സന്ദേഹമാലിന്യങ്ങളില്‍ നിന്ന്, അങ്ങിനെ ഞങ്ങളെ കഴുകിയെടുക്കാനും വേണ്ടതെല്ലാം ഞങ്ങളിലേക്ക് പ്രേഷണം ചെയ്യേണമേ!
അങ്ങയുടെ വാല്‍സല്യത്തിന്‍റെ ചരടില്‍ പറ്റിചേരുകയും അവിടുത്തെ കാരുണ്യത്തിന്‍റെയും ഔദാര്യത്തിന്‍റെയും സീമയില്‍ ഒട്ടിപ്പിടിക്കുകയും ചെയ്ത ഒരുവനാണു ഞാന്‍. എനിക്കായും എന്‍റെ പ്രിയപ്പെട്ടവര്‍ക്കായും അങ്ങയുടെ വിധിനടത്തേണമേ! ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډയെ പകര്‍ന്നു തരേണമേ! അങ്ങയുടെ സൃഷ്ടികളില്‍ വെച്ച് ഔന്നത്യം വഹിക്കുന്നവര്‍ക്കായി വിധിക്കപ്പെട്ട നിഗൂഢസമ്മാനം ഞങ്ങള്‍ക്കു നല്‍കേണമേ!
എന്‍റെ പ്രഭോ! അങ്ങ് സ്വന്തം സേവകര്‍ക്കായി പറഞ്ഞ ഉപവാസത്തിന്‍റെ ദിനങ്ങളാണിവ. തികച്ചും അങ്ങയ്ക്കായി, അങ്ങില്‍ നിന്നന്യമായ എന്തില്‍ നിന്നും നിസ്സംഗനായി, ആര്‍ ഉപവസിക്കുന്നുവോ, അവന്‍ ധന്യനാണ്.
എന്‍റെ ദൈവമേ! അങ്ങയെ അനുസരിക്കാനും അങ്ങയുടെ ഉപദേശങ്ങള്‍ അനുവര്‍ത്തിക്കാനും അവനേയും എന്നേയും അനുഗ്രഹിക്കേണമേ! സത്യമായും സ്വയം നിര്‍ണ്ണയിക്കുന്നതു നടത്താന്‍ പ്രാപ്തനാണ് അവിടുന്ന്. അങ്ങൊഴികെ സര്‍വ്വജ്ഞനും സര്‍വ്വവിജ്ഞനുമായി ഒരു ദൈവമില്ല! അണ്ഡകടാഹങ്ങളുടെ നാഥനായവന് അഖില സ്തുതിയും!
- Bahá'u'lláh