Return to BahaiPrayers.net
Facebook
(അബ്ദുള്‍ ബഹായുടെ ദേവാലയത്തില്‍വെച്ച് ചൊല്ലുന്ന ഒരു പ്രാര്‍ത്ഥനയാണിത്. വ്യക്തിപരമായും ഇത് ഉപയോഗിക്കാം. അബ്ദുള്‍ബഹാ പറയുന്നു: വിനയാന്വിതനായി ഇത് ഉരുവിടുന്നവന് ഹൃദയാഹ്ലാദം നിശ്ചയം. ദൈവത്തെ അഭിമുഖം ദര്‍ശിക്കുന്ന ഫലം ചെയ്യും ഇത്. അബ്ദുള്‍ ബഹായുടെ വെളിപാടാണ് ഈ പ്രാര്‍ത്ഥന)
സര്‍വ്വജേതാവാണവിടുന്ന്! ദൈവമേ! എന്‍റെ ദൈവമേ! ഞാന്‍ അങ്ങയുടെനേരെ താണുകേണുയര്‍ത്തുകയാണ് സഹായം കൊതിക്കുന്ന എന്‍റെ കൈകള്‍. അങ്ങയുടെ വാതില്‍പടിക്കലെ പൊടിമണ്ണെടുത്ത് മുഖംമൂടുകയാണ് അവയാല്‍. പഠിച്ചവരുടെ പരിജഞാനത്തിനും അങ്ങയെ സ്തുതിക്കുന്നവരുടെ സങ്കീര്‍ത്തനത്തിനും അപ്പുറം അത് ഉയര്‍ന്നെത്തിയിരിക്കുന്നു. അവിടുത്തെ കവാടത്തില്‍ വിനയാന്വിതനായിനില്‍ക്കുന്ന ഈ സേവകനെ ദയാപുരസ്സരമായ നയനങ്ങള്‍കൊണ്ട് കടാക്ഷിക്കുകയും അവിടുത്തെ ശാശ്വതാനുഗ്രഹണ്‍ത്തിന്‍റെ സമുദ്രത്തില്‍ മുക്കുകയും വേണമേ!
പ്രഭോ! പാവമായ അകിഞ്ചകനായ ഒരു സേവകനാണിവന്‍. അങ്ങയാല്‍ അങ്ങയുടെ കൈകളില്‍ തടവുകാരനാക്കപ്പെട്ട അങ്ങയോട് തീവ്രാര്‍ത്ഥിയായ, അങ്ങയില്‍ വിശ്വാസിയായ, അങ്ങയുടെ മുമ്പില്‍ അശ്രുസമേതനായ ഞാനിതാ ഇങ്ങനെ അകം നിറഞ്ഞപേക്ഷിക്കുന്നു.
പ്രഭോ! എന്‍റെ ദൈവമേ! അങ്ങ് പ്രിയപ്പെടുന്നവരെ സേവിക്കാന്‍ എന്നെ അനുഗ്രഹിക്കേണമേ! അവിടുത്തെ സേവയില്‍ എന്നെ ശക്തനാക്കേണമേ! അങ്ങയുടെ പുണ്യനീതിഗേഹത്തിലെ ആരാധനയുടെ പ്രകാശംകൊണ്ടും അങ്ങയുടെ മഹത്വ സാമ്രാജ്യത്തോടുള്ള പ്രാര്‍ത്ഥനകൊണ്ടും എന്‍റെ ലലാടത്തിനു ദ്യുതിപകരേണമേ! അവിടുത്തെ ദിവ്യകവാടത്തില്‍ നിസ്വാര്‍ത്ഥനായി നില്‍ക്കാന്‍ എന്നെ തുണക്കേണമേ! അവിടുത്തെ അധികാരാതിര്‍ത്തിയില്‍പ്പെട്ട എല്ലാറ്റില്‍നിന്നും നിസ്സംഗനാവാന്‍ എനിക്കിടയാകേണമേ. പ്രഭോ! പരാര്‍ത്ഥതയുടെ ഭാജനത്തില്‍ നിന്ന് എനിക്ക് പാനീയം പകര്‍ന്നരുളൂ. പരാര്‍ത്ഥതയുടെ വസ്ത്രംകൊണ്ട് എന്നെ പൊതിയുകയും പരാര്‍ത്ഥതയുടെ പാരാവാരത്തില്‍ എന്നെ മുക്കുകയും ചെയ്യൂ! അത്യുന്നതിയിലമരുന്ന മഹത്വമേ! അങ്ങയ്ക്ക് പ്രിയങ്കരരായവരുടെ പാതയിലെ മണല്‍ത്തരിയായി എന്നെ മാറ്റൂ. അങ്ങയുടെ പാതയിലേക്കു നിര്‍ദ്ധാരണം ചെയ്യപ്പെട്ടവരുടെ കാല്‍വെപ്പുകൊണ്ടഭിജാതമായ അവനിക്കായി എന്‍റെ ആത്മാവിനെ അടിയറവെയ്ക്കാന്‍ എന്നെ അനുവദിക്കൂ.
ഈ പ്രാര്‍ത്ഥനയാല്‍ പ്രഭാതത്തിലും രാത്രികാലങ്ങളിലും അങ്ങയുടെ ദാസന്‍ അങ്ങയെ വിളിക്കുന്നു.
പ്രഭോ! അവന്‍റെ അഭിലാഷം നിറവേറ്റേണമേ! അവന്‍റെ ഹൃദയം പ്രകാശപൂരിതമാക്കേണമേ! അവന്‍റെ ദീപം ജ്വലിപ്പിക്കേണമേ! എന്നിട്ടുവേണം അങ്ങയുടെ കാര്യത്തിനായും അവിടുത്തെ ദാസര്‍ക്കായും അവന്‍ സേവനമര്‍പ്പിക്കാന്‍.
സര്‍വ്വദാതാവും ദയാമയനും ഔദാര്യനിധിയും കരുണാവാരിധിയുമാണ് അങ്ങ്.
- `Abdu'l-Bahá