Return to BahaiPrayers.net
Facebook
"ബഹായി വിവാഹം എന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഒത്തുചേരലും ഹൃദയംഗമമായ സ്നേഹവുമാണ്. എന്നിരുന്നാലും അവര്‍ പരസ്പരമുള്ള സ്വഭാവത്തെപ്പറ്റി പരിചിതരായിത്തീരുന്നതിന് അങ്ങേയറ്റം ശ്രദ്ധപുലര്‍ത്തണം. ഈ അനശ്വര ബന്ധം ഒരു ഉറച്ച ഉടമ്പടിയാല്‍ സുരക്ഷിതമാക്കണം. അതിന്‍റെ ഉദ്ദേശ്യം സ്നേഹവും സൗഹാര്‍ണ്‍ദവും ഐക്യവും പോഷിപ്പിക്കുകയും അനശ്വര ജീവിതം നേടുകയുമായിരിക്കണം."
ആത്മീയ സഭയ്ക്കു സ്വീകാര്യമായ കുറഞ്ഞതു രണ്ടു സാക്ഷികളുടെയെങ്കിലും സാന്നിദ്ധ്യത്തില്‍ വധുവും വരനും വ്യക്തിപരമായി പറയുന്ന വചനമായ വിവാഹ പ്രതിജ്ഞ അതിവിശുദ്ധഗ്രന്ഥമായ കിതാബ് - ഇ - അഖ്ദസില്‍ നിബന്ധന ചെയ്തിട്ടുള്ളതുപോലെയാണ്.
"സത്യമായും ഞങ്ങളെല്ലാം ദൈവേച്ഛയെ ശിരസ്സാവഹിക്കുന്നു."
ഔദാര്യനിധിയും സര്‍വ്വദാതാവും അവനാണ്! യാതൊരുവന്‍, താന്‍ ഏകനും അദ്വയനും അപ്രതിരോധ്യനും മഹോന്നതനുമെന്ന് സ്വന്തം അസ്തിത്വത്തിലൂടെ സാക്ഷ്യപ്പെടുത്തിയോ, പുരാതനനും അനന്തനും സുസ്ഥിരനും ചിരന്തനനുമായ ആ ഈശ്വരനെ സ്തുതിക്കുക. അവന്‍റെ ഏകത്വത്തെ അറിഞ്ഞുകൊണ്ടും, അദ്വൈതഭാവത്തെ മനസ്സിലാക്കിയും, സത്യമായും അവനല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഞങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അവന്‍ തന്‍റെ മഹിമയുടെ പാരമ്യത്തില്‍, തന്നില്‍ നിന്നന്യമായവ സംബന്ധിച്ച പരാമര്‍ശങ്ങളില്‍ നിന്നും വേറിട്ട്, തന്നെക്കുറിച്ചുള്ളതൊഴികെയുള്ള എല്ലാ വിവരണങ്ങളില്‍ നിന്നും വിമുക്തനായി, അനഭിഗമ്യമായ ഔന്നത്യത്തില്‍ എന്നും വസിച്ചിട്ടുണ്ട്.
തന്‍റെ ദയാവായ്പും നډയും മനുഷ്യന് പ്രത്യക്ഷീഭവിക്കണമെന്നും ലോകത്തെ ചിട്ടപ്പെടുത്തണമെന്നും അഭിലഷിച്ചപ്പോള്‍, അവന്‍ അനുഷ്ഠാനങ്ങള്‍ നിര്‍ദ്ദേശിക്കുകയും നിയമങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. അവയില്‍ വിവാഹം സംബന്ധിച്ച നിയമം ഏര്‍പ്പെടുത്തിക്കൊണ്ട് അതിനെ ഭദ്ര ജീവിതത്തിന്‍റേയും മോക്ഷത്തിന്‍റേയും രക്ഷാദുര്‍ഗ്ഗമാക്കി. അതിനെ വിശുദ്ധിയുടെ സ്വര്‍ഗ്ഗത്തില്‍ നിന്നും അവരോഹണം ചെയ്ത തന്‍റെ പുണ്യമത ഗ്രന്ഥത്തിലൂടെ നമ്മുടെ മേലുള്ള കല്പനയാക്കിതീര്‍ത്തു. അവന്‍ അരുളിചെയ്യുന്നു: മഹത്വമുള്ളതാണ് അവിടുത്തെ യശസ്സ്: "ജനങ്ങളേ! നിങ്ങള്‍ വിവാഹിതരാകുവിന്‍. തല്‍ഫലമായി നിങ്ങളില്‍ നിന്നും എന്‍റെ സേവകര്‍ക്കിടയില്‍ എന്നെ സ്മരിക്കുന്നവര്‍ പ്രത്യക്ഷപ്പെടുമല്ലോ! നിങ്ങളോടുള്ള എന്‍റെ കല്പനകളില്‍ ഒന്നാണിത്. നിങ്ങള്‍ക്ക് സ്വയം സഹായത്തിനായി അതിനെ ശിരസാവഹിക്കുവിന്‍."
- Bahá'u'lláh