Return to BahaiPrayers.net
Facebook
എന്‍റെ വാക് സാഗരത്തില്‍ സ്വയം നിമഗ്നരാകുവിന്‍! അതിന്‍റെ രഹസ്യങ്ങള്‍ നിങ്ങള്‍ക്ക് വെളിവാകട്ടെ. അതിന്‍റെ ആഴങ്ങളില്‍ മറഞ്ഞുകിടക്കുന്ന ജ്ഞാനത്തിന്‍റെ മുത്തുകള്‍ അനാവൃതമാകട്ടെ. ഈശ്വരശക്തിയുടെ സാദ്ധ്യതകള്‍ വെളിവാക്കപ്പെട്ടിരിക്കുന്നതും ദൈവസാമ്രാജ്യം സംസ്ഥാപിതമാക്കപ്പെട്ടിരിക്കുന്നതുമായ ഈ ധര്‍മ്മത്തിന്‍റെ സത്യം ആശ്ലേഷിക്കാനുള്ള നിശ്ചയ ദാര്‍ഢ്യത്തില്‍ നിനക്കു ചാഞ്ചല്യം അരുത് എന്നതില്‍ ശ്രദ്ധിണ്‍ക്കുക. ആഹ്ലാദത്താല്‍ തിളങ്ങുന്ന മുഖത്തോടെ നിങ്ങള്‍ അവിടുത്തെ സന്നിധാനത്തിലേക്ക് ചെല്ലുക. ഭൂത-ഭാവികാലങ്ങളില്‍ അനശ്വരമായ, ദൈവത്തിന്‍റെ മാറ്റമില്ലാത്ത ധര്‍മ്മമാണിത്. ആയത് തേടുന്നവര്‍ക്കെല്ലാം അത് സാധ്യമാകട്ടെ. അതിനെ തേടാന്‍ വിസമ്മതിച്ചവരെ സംബന്ധിച്ചു പറയട്ടെ: സത്യമായും ഈശ്വരന്‍ തന്‍റെ സൃഷ്ടികളുടെ ആവശ്യങ്ങള്‍ക്കുപരി സ്വയം സംതൃപ്തനാണ്.
പറയൂ: ഈശ്വരന്‍റെ കൈകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരിക്കലും തെറ്റുവരാത്ത തുലാസ്സാണിത്. അതില്‍ ഭൂവിലും സ്വര്‍ഗ്ഗത്തിലുമുള്ള സകലരും തുലനം ചെയ്യപ്പെടുകയും ചെയ്യുന്നു. ഈ സത്യം അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവരില്‍പ്പെട്ടവരാണ് നിങ്ങളെങ്കില്‍ പറയൂ, അതിനെക്കൊണ്ട് അഗതികള്‍ ധന്യരാക്കപ്പെട്ടിരിക്കുന്നു. പണ്ഡിതര്‍ക്കു ജ്ഞാനോദയം ഉണ്ടായിരിക്കുന്നു. അന്വേഷകര്‍ ഈശ്വരസാന്നിദ്ധ്യത്തിലേക്ക് ആരോഹണം ചെയ്യപ്പെടുന്നു. ശ്രദ്ധിക്കുക: ഇല്ലെങ്കില്‍ നിങ്ങളതിനെ നിങ്ങള്‍ തമ്മിലുള്ള കലഹത്തിനു കാരണമാക്കിയേക്കാം. പ്രബലനും സ്നേഹമയനുമായ നിങ്ങളുടെ അധീശന്‍റെ ധര്‍മ്മത്തില്‍ പര്‍വ്വതംണ്‍പോലെ നിങ്ങള്‍ അചഞ്ചലനായിരിക്കുക.
- Bahá'u'lláh